"അമ്മേ ഞാൻ പുറത്ത്ണ്ട്ട്ടാ. മാലൂന്റെ കൂടെ കളിക്ക്യാ"
അങ്ങേ തലയ്ക്കൽ നിന്നും മറുപടി ഒന്നും വന്നില്ല.
"അമ്മേ ഞാൻ ഇവടിണ്ട്. മുറ്റത്ത്." മീനു ശബ്ദം ഒന്ന് കൂടി ഉയർത്തി.
"മ്" പടിഞ്ഞാപ്പുറത്ത് തുണിയലക്കിക്കൊണ്ടിരുന്ന അവളുടെ അമ്മ കുറച്ച് പതുക്കെയാണ് മൂളിയത്.
"അമ്മേ കേട്ടാ? ഞാൻ മുറ്റത്ത്ണ്ട്." അമ്മ കേട്ടുവെന്ന് ഒന്നുകൂടി ഉറപ്പു വരുത്താനായി മീനു ശ്രമിച്ചു.
"ശെരി... ഞാൻ കേട്ടൂ" അമ്മയും വിട്ടുകൊടുത്തില്ല. അൽപ്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.
"അമ്മേ... ഞാൻ വേറെങ്ക്ടും പൂവില്യ. ഇവടെതന്നെ ഇണ്ട്ട്ടാ" വീണ്ടും മീനു.
ഈ ക്ടാവിനെന്താ ഭ്രാന്ത് പിടിച്ചോ? എല്ലാം കണ്ടും കേട്ടും വരാന്തയിലിരുന്ന ഞാൻ മനസ്സിലോർത്തു. എന്തിനാ ഇവ്ളിങ്ങനെ പതിനായിരം പ്രാശ്യം വിളിച്ച് പറയണേ?
തൃശ്ശൂർ ഭാഷ ഇപ്പൊ ഒരു ട്രെൻഡ് ആയതുകൊണ്ടല്ല, ഈ കഥയുടെയും കഥാപാത്രങ്ങളുടെയും എല്ലാം ഉത്ഭവം തൃശൂര് നിന്നും തന്നെയാണ്. ജനിച്ച നാടായതുകൊണ്ട് എപ്പോ തൃശൂര് പോയാലും ഞാൻ എല്ലാവരോടും തൃശൂർ ഭാഷയിലേ സംസാരിക്കൂ. ചിന്തിക്കുന്നതും അങ്ങനെ തന്നെ. അത് വളരെ യാദൃശ്ചികമായി സംഭവിച്ച് പോകുന്ന ഒന്നാണ്.
"ഞാൻ കേട്ടൂന്ന് പറഞ്ഞില്യേ മീനൂ" അമ്മേടെ ശബ്ദത്തിൽ അൽപ്പം ദേഷ്യം കലർന്നിട്ടുണ്ടായിരുന്നോ എന്നൊരു സംശയം.
പിന്നെ മീനു ഒന്നും മിണ്ടിയില്ല. മാലുവിന്റെ കൂടെ കളിക്കാനായി ഓടാൻ തുടങ്ങുംബോഴാണ് ഞാൻ കാര്യമായിട്ടവളെ നോക്കുന്നത് അവൾ ശ്രദ്ധിച്ചത്.
എന്റെ ആത്മഗതം കേട്ടിട്ടെന്നോണം ഒരു പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നിട്ട് ആ നാലാം ക്ലാസ്സുകാരി പറഞ്ഞു, "ഞാൻ എന്തിനാ അമ്മോട് ഇത്രക്കും പ്രാശ്യം പറഞ്ഞേന്നറിയോ ചേച്ചീ?"
"ഇല്ല്യാ. എന്തിനാ?" ഞാൻ കൌതുകം മറച്ചുവെച്ചില്ല.
"അതേ, ഞാംബണ്ട് രണ്ടാങ്ക്ലാസിലായിര്ന്നപ്പ്ലേ ഒരൂസം കുഞ്ഞമ്മൂന്റെ വീട്ടിൽക്കി കളിക്കാംബോയിണ്ടാർന്നൂട്ടാ. അവടക്കി പൂവാന്ന് അമ്മോട് പറഞ്ഞ്ണ്ടാരുന്നു. കൊറച്ചൈഞ്ഞപ്പോ ഞങ്ങളെല്ലാരുങ്കൂടി അവടന്ന് തുംബി ചേച്ചീടെ വീട്ടിൽക്കി പോയീ..."
അവളുടെ ഗൌരവം നിറഞ്ഞ വർത്തമാനം എനിക്ക് എപ്പോഴും ഇഷ്ട്ടമാണ്. പലപ്പോഴും ഒരു പൊട്ടിച്ചിരിയിലാണ് അത് അവസാനിക്കുക. അതും പ്രതീക്ഷിച്ച് ഞാൻ അവളുടെ അതേ ഗൌരവത്തിൽ തലയാട്ടി.
മീനു തുടർന്നു, "...പഷേ ഞാൻ അമ്മോട് അങ്ക്ട് പോണ കാര്യം പറയാൻ മറന്നു. ഇര്ട്ടായപ്പോ അമ്മ്യാണങ്ങെ എന്നെ വിളിയോട് വിളി. പഷേ ഞാന്ദൂര്യല്ലേ. അത് കാർണം കേട്ടില്ല്യാ. തിരിച്ച് വന്നപ്ലക്കും അമ്മ വടിം പിടിച്ച് നിക്ക്ണ്. എവട്യാർന്നുടീന്ന് എന്നോട് ചോയ്ച്ചു. തുംബിചേച്ചീടെ വീട്ടില്ന്ന് പറയുംബ്ലെക്കും 'അങ്ക്ട് പൂവുംന്നാ എന്നോട് പറഞ്ഞേ' ന്നും ചോയിച്ച് എന്നെ തല്ലാൻ തൊടങ്ങി. അന്നിനിക്കി കൊറേ അടികിട്ടി. മേലൊക്കെ ചൂരലിന്റെ ചോന്ന വര വന്നു. അന്ന് മൊതല് ഞാൻ എങ്ക്ട് പോംബളും എപ്പ്ലും കൊറേ പ്രാശം പറഞ്ഞ്ട്ടാ പോള്ളോ." ഇതും പറഞ്ഞ് അവളുടെ ട്രേഡ്മാർക്കായ ഓട്ടോറിക്ഷാച്ചിരിയും ചിരിച്ച് മാലുവിന്റെ കൂടെ കളിക്കാൻ അവളോടിപ്പോയി.
എനിക്കെന്തോ അപ്പൊ ചിരിക്കാൻ കഴിഞ്ഞില്ല. ആ കുഞ്ഞു ശരീരത്തിൽ അടിവീണ പാടുകളും, കരഞ്ഞു ചുവന്ന് തുടുത്ത ആ കുഞ്ഞുമാലാഖയുടെ മുഖവും, അന്ന് മുതൽ ആ കുഞ്ഞു മനസ്സിനേറ്റ പേടിയും ഒരു നീറ്റലായി എന്റെ ഹൃദയത്തിലും, ഒരു നീർക്കണമായി എന്റെ കണ്ണുകളിലും നിറഞ്ഞുനിന്നു...
P.S: This fictional piece is based on a true character.

No comments:
Post a Comment