Wednesday, October 26, 2016

ഒരു മ്യാവൂ കഥ

കുറച്ച് നാളായി പൂച്ചയെ കാണാനില്ല. എന്റെ പൂച്ചയല്ല. ഇവിടുത്തെ യൂണിവേർസൽ പൂച്ചയാണ്. അതുകൊണ്ട് ഞാൻ പേരിട്ടിട്ടില്ല. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞപോലെ, ഒറ്റക്കായപ്പോഴാണ് അവളുടെ കൂട്ട് എത്ര ആശ്വാസകരമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായത്. ഞാൻ പറയുന്നതൊക്കെ കേട്ട്, എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ ഇരിക്കുന്നത് അവൾടെ ഒരടവാണ്. കാരണം വർത്താനം പറയുംബോ ഞാൻ അവൾടെ തല പതുക്കെ തലോടിക്കൊടുക്കും. അത് അവൾക്കു ഭയങ്കര ഇഷ്ട്ടാ.
പക്ഷെ ചിലപ്പോ സീരിയസ്സായി എന്തോ ആലോചിക്കുന്ന പോലെ ഏതോ ഒരു അജ്ഞാത ബിന്ദുവിലേക്ക് ദൃഷ്ട്ടിയും ഉറപ്പിച്ച് ഒരു പ്രതിമ കണക്കെ അവളിരിക്കും. പിന്നെ തട്ടിയാലും മുട്ടിയാലും ഒന്നും ഒരനക്കവുമില്ല. അപ്പൊ അവളെ അവളുടെ പാട്ടിന് വിടുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിക്കും. തെറ്റുപറയാനാവില്ല, കാരണം മിക്കപോഴും ഞാനും അങ്ങനെയാണ്. എന്തെങ്കിലും ആലോചിച്ച്, നോക്കുന്നതൊന്നും കാണാതെ, കാണാത്തതെന്തോ നോക്കി പരിസരം മറന്ന് മറ്റൊരുലോകത്തേക്കൊരു യാത്ര പോകും. ഞാൻ സ്വപ്നം കാണുകയാണെന്നാണ് കൂട്ടുകാർ പറയാറ്. അങ്ങനെയാണ് സ്കൂളിൽ പഠിക്കുമ്പോ 'ഡ്രീം ഗേൾ' എന്ന പേര് വീണത്‌.
പറഞ്ഞുവന്നത് നമ്മുടെ ഡ്രീം ക്യാറ്റിനെ പറ്റിയാണല്ലോ... മറ്റു ചിലപ്പോൾ അവൾ തനി പൂച്ച-സ്വഭാവം പുറത്തെടുക്കും. ഒരു മൈന്റും ഉണ്ടാവില്ല. തൊട്ടുതീണ്ടായ്കയുള്ള ഒരു അന്ദർജനത്തെ പോലെ ഗമയിലങ്ങനെ നടക്കും. വിളിച്ചാലൊന്നും തിരിഞ്ഞു നോക്കുക പോലുമില്ല. എത്ര കിന്നരിച്ചിട്ടും പുന്നാരിച്ചിട്ടും ഇവളെന്താ ഇങ്ങനെ എന്നോർത്ത് സങ്കടവും ദേഷ്യവും ഒക്കെ വരും അപ്പൊ. പക്ഷെ സ്നേഹംകൊണ്ട് അതൊക്കെ മറന്നുകളയാറാണ് പതിവ്.
പെട്ടി നിറയെ മീനുമായി എട്ടരക്ക് സൈക്കിളും ചവുട്ടി വരുന്ന ബാബു അങ്കിളിന്റെ ശബ്ദം കേൾക്കുംബോഴേ അറിയാം അവളും ഒപ്പം ഉണ്ടെന്ന്. എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിയാവുന്നതുകൊണ്ടായിരിക്കണം ഞങ്ങടെ വീടിന്റെ മുൻപിലെത്തുമ്ബൊ അങ്കിൾ അവൾക്കെന്നും ഓരോ മീൻ ഇട്ടു കൊടുക്കും. അത് കിട്ടുന്നവരെ മീൻ വാങ്ങുന്ന എന്റെ കാലിൽ തൊട്ടുരുമ്മി അവൾ വട്ടം ചുറ്റി നടക്കും. അവൾ മീൻ തിന്നു തീരുമ്പോഴേക്കും അങ്കിൾ സ്ഥലം വിട്ടിട്ടുണ്ടാകും. കുറച്ച് ദിവസം അങ്കിളിനെ കണ്ടില്ല. പിന്നീട് മീൻകാരൻ ബഷീറിക്ക പറഞ്ഞാണ് അറിഞ്ഞത് വാർദ്ധക്ക്യസഹജമായ രോഗങ്ങൾ കാരണം ബാബു അങ്കിളിന് ഇനി മുതൽ മീൻ വിൽക്കാൻ വരാൻ പറ്റില്ല്യാന്ന്. അപ്പോൾ മുതൽ അവളും വീട്ടിലേക്കുള്ള വരവ് നിരത്തി.
എന്തുപറ്റിയിട്ടുണ്ടാവും അവൾക്ക് എന്ന എന്റെ ഉത്കണ്ഠക്ക് വിരാമമിട്ടുകൊണ്ട് നാല് ദിവസം കഴിഞ്ഞപ്പോൾ അവളെ അലിയിക്കയുടെ പാൽക്കടയുടെ വരാന്തയിൽ കണ്ടു. അവിടേന്ന് എന്തോ കിട്ടുമെന്ന പ്രതീക്ഷയിൽ അകത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഞാൻ അടുത്തൊക്കെ ചുറ്റിപ്പറ്റി നിന്ന് നോക്കി. അവൾ അറിഞ്ഞ ഭാവമില്ല. അവളുടെ ഭാഷയിൽ 'മ്യാവൂ' എന്നൊന്ന് പറഞ്ഞുനോക്കി. നോ രക്ഷ. പതിയെ തലയിൽ ഒന്ന് തോണ്ടി നോക്കി. അപ്പൊ അവൾ തല ചെരിച്ച് 'എക്സ്ക്യൂസ് മീ, ഡൂ ഐ നോ യൂ?' എന്ന മട്ടിൽ ഒന്ന് നോക്കി. ഒന്ന് തിരിഞ്ഞ് നോക്കുകയെങ്കിലും ചെയ്തല്ലോ എന്ന് സമാധാനിച്ച് അവളുടെ ആറ്റിറ്റ്യൂഡ് വകവെക്കാതെ ഞാൻ ചിരിക്കാൻ ഭാവിച്ചു. പക്ഷെ എന്റെ മനസ്സിൽ വിരിഞ്ഞ സന്തോഷപ്പൂക്കളെ പിച്ചിചീന്തിക്കൊണ്ട്, ഈ ഭൂലോകത്തുള്ള ആരെയൊക്കെ അറിയാമെങ്കിലും എന്നെ മാത്രം അറിയില്ല എന്ന ഭാവത്തോടെ അവൾ തിരിഞ്ഞുകളഞ്ഞു. ഇനി എപ്പോഴെങ്കിലും വീട്ടിലേക്കു കരഞ്ഞോണ്ട് വരട്ടെ. അപ്പൊ ഈ അഹങ്കാരത്തിനുള്ള മറുപടിയൊക്കെ കൊടുത്തോളാം എന്ന് മനസ്സിൽ പറഞ്ഞ് ദേഷ്യം കൊണ്ട് ചുമന്ന മുഖവും, സങ്കടംകൊണ്ട് നിറഞ്ഞ കണ്ണുകളും, അപമാനഭാരംകൊണ്ട് കുനിഞ്ഞ ശിരസ്സുമായി വീട്ടിലേക്ക് നടക്കുമ്പോഴും ഒരു കാര്യമോർത്തു ഞാൻ ആശ്ചര്യപ്പെട്ടു. മീനല്ലാതെ ഒന്നും ഇറങ്ങാത്ത ഇവൾ ശുദ്ധ വെജിറ്റേറിയൻ ആയോ?
ഏതായാലും, അന്ന് മുതൽ അവളെ കാണാനില്ല. മിസ്സിംഗ്‌ ആയിട്ട് ഇപ്പൊ ഒരു രണ്ടാഴ്ചയോളം ആയി. കണ്ടുകിട്ടുന്നവർ ഒന്ന് അവളെ ഇങ്ങോട്ട് തിരിച്ച് പറഞ്ഞയക്കണേ. പിണക്കമൊക്കെ മാറ്റി ഞാൻ കാത്തിരിക്കുന്നുണ്ടെന്ന് പറയണം. പരിഭവങ്ങൾ ഒക്കെ പറഞ്ഞ് തീർക്കാമെന്ന് പറയണം. ദേഷ്യമൊക്കെ മറന്ന് തിരിച്ചു വരാൻ പറയണം. ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട്. ഫോട്ടോയും അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.


ടിയാളാണ് ഈ പറഞ്ഞ പൂച്ച.
പൂച്ചയുടെ ഡീറ്റെയിൽസ്:
നിറം : വെള്ളയിൽ കറുപ്പും, തവിട്ടും നിറങ്ങളിലുള്ള മറുകുകൾ
ജെന്റർ : ഫീമെയിൽ
ഭാഷ : മ്യാവൂ എന്ന് പറയുന്നത് മാത്രമേ കേട്ടിട്ടുള്ളൂ
ഇഷ്ട്ട ഭക്ഷണം : പച്ചമീൻ. എസ്പെഷ്യലി ചാള
ഭർത്താവ് : ക്രൂര മുഖവും, ചാര നിറവുമുള്ള ഒരു കണ്ടൻ (അവനും ഇപ്പൊ അന്വേഷിച്ച് നടക്കാവും)
കുട്ടികൾ : അവിഹിതത്തിൽ ഉണ്ടായതുൾപ്പടെ ഒരു ഇരുപതെണ്ണം (കൂടുതൽ ഉണ്ടോന്ന് അറിയില്ല)
ഹോബി : ആളുകളുടെ കാലിൽ തൊട്ടുരുമ്മൽ
സഹൃദരായ ഏവരും എന്നെ സഹായിക്കണം. പ്ലീസ്. നന്ദി.

No comments:

Post a Comment